തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേയുള്ള രണ്ടു ലൈംഗികപീഡന പരാതികളിലും അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
തിരുവനന്തപുരത്തുള്ള യുവതിയുടെ പരാതിയിലെ ആദ്യ കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി പോലീസ് ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു.
ഈ കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് കൊല്ലം ഡിവൈഎസ്പി എസ്. സാനിക്കാണ് അന്വേഷണ ചുമതല. പോലീസ് ആസ്ഥാനത്തെ എഐജി ജി.പൂങ്കുഴലി മേൽനോട്ടം വഹിക്കും.
ബംഗളൂരുവിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ 23കാരിയെ പീഡിപ്പിച്ച കേസ് പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും.
രണ്ടാമത്തെ കേസിൽ തിങ്കളാഴ്ച അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതിനെതിരേ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
രാഹുൽ ഫ്ലാറ്റ് ഒഴിയണമെന്ന് അസോ.
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ഫ്ളാറ്റ് ഒഴിയണമെന്ന് താമസക്കാരുടെ അസോസിയേഷൻ. ഈ മാസം ഇരുപത്തഞ്ചിനകം ഫ്ളാറ്റ് ഒഴിയണമെന്നു കാണിച്ച് അസോസിയേഷൻ നോട്ടീസ് നൽകി.
പോലീസ് നിരന്തരം പരിശോധന നടത്തുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഈ സാഹചര്യത്തിൽ ഫ്ളാറ്റ് ഒഴിയണമെന്നുമാണ് ആവശ്യം. അധികം വൈകാതെതന്നെ ഫ്ളാറ്റ് ഒഴിയുമെന്ന് രാഹുൽ അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നാണു വിവരം.